This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അല്‍ബേനിയന്‍ ഭാഷയും സാഹിത്യവും

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അല്‍ബേനിയന്‍ ഭാഷയും സാഹിത്യവും

Albanian Language and Literature

ഭാഷ. ഇന്തോ-യൂറോപ്യന്‍ ഭാഷയാണ് അര്‍ബേനിയന്‍. ഇന്തോ-യൂറോപ്യന്‍ ഭാഷയായ ത്രാകോ-ഇല്ലീരിയന്‍ (Thraco-Illyrian) ആണ് അല്‍ബേനിയന്‍ ഭാഷയുടെ ഉദ്ഭവസ്ഥാനമായി കരുതപ്പെടുന്നത്. അല്‍ബേനിയ, സെര്‍ബിയ എന്നിവിടങ്ങളില്‍ പ്രധാനമായും കൊസൊവോ, മാസിഡോണിയ എന്നിവിടങ്ങളിലും ഇറ്റലി, ഗ്രീസ് എന്നീ രാജ്യങ്ങളുടെ തെക്കന്‍പ്രദേശങ്ങളിലും ഉപയോഗിച്ചുവരുന്ന ഒരു ഉപഭാഷയാണിത്. ഏകദേശം 40 ലക്ഷം ജനങ്ങള്‍ ഈ ഭാഷ സംസാരിക്കുന്നു. ഇതില്‍ 30 ലക്ഷംപേര്‍ അല്‍ബേനിയയിലും 10 ലക്ഷംപേര്‍ മുന്‍ യുഗോസ്ലാവിയയിലും നിവസിക്കുന്നു. ചെറിയതോതില്‍ ഇറ്റലി, ഗ്രീസ് മുതലായ രാജ്യങ്ങളിലും ഈ ഭാഷ സംസാരിക്കുന്ന ജനവിഭാഗങ്ങള്‍ ഉണ്ട്.

അല്‍ബേനിയന്‍ അച്ചടി മാതൃകയും ഇംഗ്ലീഷ് പരിഭാഷയും

അല്‍ബേനിയന്‍ ജനത തങ്ങളുടെ ഭാഷയെ ഷ്കിപ് (Shqip) എന്നും രാജ്യത്തെ ഷ്കിപേരിയ(Shqiperia) എന്നും വിളിക്കുന്നു. ഭാഷാനാമം ഗ്രീക്കില്‍നിന്നു രൂപംകൊണ്ടതായിരിക്കാനാണു സാധ്യത. ലത്തീന്‍, ഗ്രീക്, ടര്‍ക്കിഷ്, സ്ലാവിക്, റൊമാന്‍സ് ഭാഷകള്‍ എന്നിവയുടെ സ്വാധീനമാണ് അധികവും ഈ ഭാഷകളില്‍ കാണുന്നത്. ബാള്‍ട്ടോസ്ലാവിക് ഗ്രൂപ്പിനെ ഇതിന്റെ ഒരു അടുത്ത ബന്ധുവായി കണക്കാക്കുന്നു. അല്‍ബേനിയന്‍ ഭാഷയ്ക്കു പ്രധാനമായി രണ്ടു വിഭാഗങ്ങളാണുള്ളത്. വടക്കന്‍പ്രദേശത്തു നിലവിലുള്ള പ്രാദേശികരൂപത്തിനു ഘെഗ് (Gheg) എന്നും തെക്കന്‍ പ്രദേശത്തുള്ളതിനു ടോസ്ക് (Tosk) എന്നും പറയുന്നു. ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കുമുന്‍പു വേര്‍പിരിഞ്ഞ രൂപഭേദങ്ങളാണ് ഇവ. ഘെഗ് വിഭാഗത്തിനു പൂര്‍വ-പശ്ചിമഭേദങ്ങള്‍ കൂടിയുണ്ട്. ഇറ്റലി, ഗ്രീസ് എന്നിവിടങ്ങളിലെ സംസാരഭാഷയ്ക്കു ടോസ്ക് ഭാഷാഭേദവുമായി സാമ്യമുണ്ടെന്നു മാത്രമല്ല, തെക്കേ അറ്റത്തു സംസാരിക്കുന്ന കമീറിയ (Camerija) ഭാഷയുമായി വളരെയേറെ ബന്ധപ്പെട്ടിരിക്കുന്നു. തുര്‍ക്കികള്‍ ഗ്രീസ് ഭരിക്കുന്ന കാലത്ത് അങ്ങിങ്ങായി അഭയം പ്രാപിച്ച ജനവിഭാഗങ്ങള്‍ ഈ ഭാഷയുടെ ഉപവിഭാഗങ്ങള്‍ വര്‍ധിപ്പിച്ചു. 13, 15 ശ.-ങ്ങളിലാണ് ഈ ഭാഷാഭേദങ്ങള്‍ അധികവും ഉണ്ടായത്. ടോസ്കിന്റെ ഒരു ഭാഷാഭേദമാണു ബള്‍ഗേറിയയില്‍ നിലവിലുള്ളത്. മന്ദ്രിത്സ (Mandritsa) ബള്‍ഗേറിയ എന്നീ സ്ഥലങ്ങളില്‍ ഇപ്പോഴും അല്‍ബേനിയന്‍ ഭാഷ ഉപയോഗിക്കുന്നു. ആദ്യകാലത്ത് അല്‍ബേനിയന്‍ ഭാഷ ഇറ്റാലിയനേറ്റ്, ഹെലനിസ്, ടര്‍കോ അറബിക് തുടങ്ങിയ ഭാഷകളുടെ അക്ഷരമാലാക്രമങ്ങളെയാണ് ആശ്രയിച്ചിരുന്നത്. എന്നാല്‍ 1909-ല്‍ അല്‍ബേനിയന്‍ ലിപികളെ റോമന്‍ ലിപികളിലേക്കു പുനഃസംവിധാനം ചെയ്തു.

രണ്ടാംലോകയുദ്ധംവരെ ഘെഗ് ഭാഷാഭേദത്തില്‍ നിന്നുദ്ഭവിച്ച ഒരു ഭാഷാഭേദമാണ് ഔദ്യോഗികഭാഷയായി ഉപയോഗിച്ചിരുന്നത്. എന്നാല്‍ അതിനുശേഷം ടോസ്കിന്റെ ഒരു വകഭേദത്തെ ഔദ്യോഗികഭാഷയാക്കുകയും റോമന്‍ രീതിയില്‍ രൂപംകൊടുക്കുകയും ചെയ്തു. അല്‍ബേനിയന്‍ ഭാഷ ഒരു ഇന്തോ-യൂറോപ്യന്‍ ഭാഷയായി ആദ്യം പ്രസ്താവിച്ചത് 1854-ല്‍ ജര്‍മന്‍ ഭാഷാശാസ്ത്രജ്ഞനായ ഫ്രാന്‍സ് ബോപ്പ് (Franz Bopp) ആണ്. ഇതേത്തുടര്‍ന്ന് 1880-90-ല്‍ ഗുസ്തഫ് മെയര്‍ (Gustav Meyer) എന്ന ജര്‍മന്‍ ഭാഷാശാസ്ത്രജ്ഞന്‍ പല പഠനങ്ങളും നടത്തി. ഘെഗ്, ടോസ്ക് എന്നീ ഭേദങ്ങളുടെ ഒരു സങ്കരരൂപമാണ് ആധുനിക അല്‍ബേനിയന്‍ ഭാഷ.

വ്യാകരണപരമായി നാമം, വിഭക്തി ഇവയില്‍ അല്‍ബേനിയന്‍ ഭാഷയ്ക്കും ഇന്തോ-യൂറോപ്യന്‍ ഭാഷകള്‍ക്കും പല സാമ്യങ്ങളും ഉണ്ട്. നിശ്ചിതാനിശ്ചിത (definite,indefinite) അര്‍ഥങ്ങള്‍ കാണിക്കാന്‍ നാമങ്ങളോടു തന്നെ പ്രത്യയങ്ങള്‍ ചേര്‍ക്കുക എന്നത് ഈ ഭാഷയുടെ ഒരു പ്രത്യേകതയാണ്. ആധുനികഗ്രീക്, റൊമേനിയന്‍ എന്നീ ഭാഷകളുടെ ഒരു പൂര്‍വരൂപമായി ഇതിനെ കണക്കാക്കുന്നു. ശബ്ദങ്ങള്‍ ഹംഗേറിയനോ ഗ്രീക്കോ ആണെന്നു തോന്നുമെങ്കിലും ഘെഗ് വിഭാഗത്തിന്റെ അനുനാസികാതിപ്രസരം ഈ ഭാഷയെ മറ്റു ഭാഷകളില്‍ നിന്നു വിഭിന്നമാക്കുന്നു. സാഹിത്യസൃഷ്ടികള്‍ 15-ാം ശ. മുതല്ക്കാണ് ആരംഭിച്ചത്.

സാഹിത്യം. അല്‍ബേനിയ ഒരു സ്വതന്ത്രരാഷ്ട്രമായി മാറിയതിനുശേഷമാണ് അല്‍ബേനിയന്‍ ഭാഷയില്‍ സാഹിത്യകൃതികള്‍ വെളിച്ചം കണ്ടുതുടങ്ങിയത്. 1912-13 വര്‍ഷക്കാലത്തെ ബാള്‍ക്കന്‍ യുദ്ധത്തെത്തുടര്‍ന്ന് അല്‍ബേനിയയ്ക്കു സ്വാതന്ത്ര്യം ലഭിച്ചു. അതിനുമുന്‍പുള്ള നാനൂറിലേറെ വര്‍ഷക്കാലത്തെ ഒട്ടോമന്‍ഭരണം ദേശീയഭാഷയില്‍ സാഹിത്യരചന നടത്തുന്നതിനെ കര്‍ശനമായി വിലക്കിയിരുന്നു. എങ്കിലും സ്വാതന്ത്ര്യലബ്ധിക്കുമുന്‍പു തന്നെ അല്‍ബേനിയന്‍ ഭാഷയില്‍ സാഹിത്യരചന സാധാരണമായിരുന്നു എന്നതിനു തെളിവുകളുണ്ട്.

1462-ല്‍ രചിക്കപ്പെട്ടതെന്നു കരുതപ്പെടുന്ന ഒരു ജ്ഞാനസ്നാനക്രമമാണു ലഭിച്ചിട്ടുള്ളതില്‍ ഏറ്റവും പ്രാചീനമായ അല്‍ബേനിയന്‍ സാഹിത്യമാതൃക. അല്‍ബേനിയന്‍ഭാഷയിലെ ആദ്യകൃതി, ഗ്യോന്‍ ബുസുകു (Gjon Buzuku) രചിച്ച മെഷാരി 1555-ല്‍ പ്രസിദ്ധീകൃതമായി. 16-17 ശ.ങ്ങളിലെ മികച്ച സാഹിത്യകാരന്മാരില്‍ ബുദി (Budi), ബര്‍ധെ (Bardhe), ബൊഗ്ദാനി (Bogdani), ബര്‍ലെതി (Barleti) എന്നിവരുള്‍ പ്പെടുന്നു. ഈ ശ.-ങ്ങളില്‍ കത്തോലിക്കാമിഷനറി പ്രവര്‍ത്തനങ്ങളെ വിവരിക്കുന്ന ഏതാനും രേഖകളും കണ്ടെത്തിയിട്ടുണ്ട്. 18-19 ശ.-ങ്ങളില്‍ തുര്‍ക്കിയുടെ ആധിപത്യത്തിനെതിരായ പോരാട്ടത്തില്‍ ഫ്രകുല്ല (Frakulla), സൈകോ കമ്പേരി (Zyko Kamberi), കാമി (Cami) മുതലായ കവികളുടെ രചനകള്‍ വന്‍പിച്ച സ്വാധീനം ചെലുത്തി. ഇറ്റലിയിലേക്കു കടന്ന അല്‍ബേനിയന്‍ അഭയാര്‍ഥികളുടെ സാഹിത്യകൃതികള്‍ 16-ാം ശ.-ത്തില്‍ തന്നെ പുറത്തുവന്നു തുടങ്ങിയിരുന്നു.

ദേശീയനവോത്ഥാനകാലത്തെ (19-ാം ശ.) സാഹിത്യത്തില്‍ കാല്പനികതയുടെ സ്വാധീനം കാണാം. തുര്‍ക്കിയുടെ ആധിപത്യത്തിനെതിരെ രൂപംകൊണ്ട ജനകീയസമരം നാടോടിസാഹിത്യത്തിന്റെ വളര്‍ച്ചയ്ക്കു പശ്ചാത്തലമൊരുക്കി. കാല്പനികതയാല്‍ പ്രചോദിതനായ ഗിരൊലാ മോ ദെ രാദാ (Girola mo de Rada, 1813-1903) അല്‍ബേനിയന്‍ നാടോടിഗാനങ്ങളുടെ ഏതാനും സമാഹാരങ്ങള്‍ പ്രസിദ്ധപ്പെടുത്തുകയും സ്വന്തമായി കാവ്യരചന നടത്തുകയും ചെയ്തു. അല്‍ബേനിയയില്‍ ജനിച്ച ഒരു ഇറ്റാലിയന്‍ പണ്ഡിതനായ ദെ രാദായുടെ മുഖ്യകൃതികള്‍ പ്രിന്‍സസ് ഒഫ് സദ്രിമ (1843), സോങ്സ് ഒഫ് മിലസാവോ (1836), റാപ്സൊഡി അല്‍ബനേസി (1866), അണ്‍ഫൊര്‍ച്ചുണേറ്റ് സ്കാന്റര്‍ ബര്‍ഗ് (1886) എന്നിവയാണ്. ദെ രാദായും ആദ്യത്തെ നാടകകൃത്തായ സാമി ബേഫ്രഷേറി (-1910)യും ഏതാനും ദൃശ്യകാവ്യങ്ങള്‍ പല പ്രതികൂലസാഹചര്യങ്ങളും തരണം ചെയ്തുകൊണ്ടു പ്രസിദ്ധീകരിച്ചു. ദെ രാദായുടെ പിന്‍ഗാമിയായി രംഗത്തുവന്ന ഗിസപ്പ് ഷിറോ (Gluseppe Schiro 1865-1927) മികച്ച ഭാഷാപണ്ഡിതന്‍ കൂടിയായിരുന്നു. അല്‍ബേനിയന്‍ ഭാഷയ്ക്കും സാഹിത്യത്തിനും ഇദ്ദേഹത്തിന്റെ ഗവേഷണപഠനങ്ങള്‍ അമൂല്യസംഭാവനകള്‍ നല്കി.

അല്‍ബേനിയയെ വിഭജിച്ച ബര്‍ലിന്‍സമ്മേളനം (1878) സജീവമായ സാഹിത്യപ്രവര്‍ത്തനങ്ങള്‍ക്കു കളമൊരുക്കി. തുടര്‍ന്നു വന്ന സാഹിത്യകാരന്മാരില്‍ അഗ്രഗണ്യന്‍ ചരിത്രകാരനും ദേശസ്നേഹിയുമായ സാമി ബേഫ്രാഷേറി (Sami Bey Frasheri) ആയിരുന്നു. അല്‍ബേനിയന്‍ ഭാഷയിലെ ആദ്യത്തെ നാടകം - പ്ലെഡ്ജ് ഒഫ് ഓണര്‍ രചിച്ചത് ഇദ്ദേഹമാണ്. മറ്റൊരു നേതാവായ പസ്കൊവസാ പാഷ (Paskovasa Pasha)യാണ് അല്‍ബേനിയയുടെ സ്വാതന്ത്ര്യഗാനം രചിച്ചത്. ഈ പ്രസ്ഥാനത്തിലെ ഏറ്റവും ശ്രദ്ധേയനായ സാഹിത്യകാരന്‍ നയിം ഫ്രാഷേറി (Naim Frasheri, 1846-1900) ആയിരുന്നു. കുലീനകുടുംബാംഗമായിരുന്ന നയിം തന്റെ കഴിവുകള്‍ കവിതാരചനയിലേക്കാണു തിരിച്ചു വിട്ടത്. 1886-ല്‍ രചിച്ച 'ഷെപ്പേഡ്സ് ആന്‍ഡ് പ്ലൗമെന്‍' എന്ന കവിതയിലൂടെ ഇദ്ദേഹം സ്വന്തം നാട്ടുകാരുടെ മനം കവര്‍ന്നു. സോഫിയയില്‍ പ്രസിദ്ധീകരിച്ച ഈ കൃതി സഞ്ചാരികളാണ് അല്‍ബേനിയയിലേക്കു കടത്തികൊണ്ടുവന്നത്. ഈ ഒരൊറ്റ കൃതികൊണ്ടുതന്നെ നയിം അല്‍ബേനിയക്കാരുടെ വക്താവായി മാറി. ദ് ഹേഡ് ആന്‍ഡ് ദ് ഫീല്‍ഡ് എന്ന ആഖ്യാനകവിതയും സമ്മര്‍ ഫ്ലവേര്‍സ് എന്ന കവിതാസമാഹാരവും നയിമിന്റെ പ്രശസ്തി വര്‍ധിപ്പിച്ചു. 1898-ല്‍ പ്രസിദ്ധീകരിച്ച ദ് സ്റ്റോറി ഒഫ് സ്കന്ദര്‍ബര്‍ഗ് ആത്മകഥാപരമായ ഒരു കവിതയാണ്. അന്യനാട്ടില്‍ വച്ചു പട്ടിണിമൂലം മരണമടഞ്ഞ നയിമിന്റെ ഭൗതികാവശിഷ്ടങ്ങള്‍ പില്ക്കാലത്ത് അല്‍ബേനിയയില്‍ കൊണ്ടുവരുകയും ഒരു സ്മാരകം നിര്‍മിക്കുകയുമുണ്ടായി.

അല്‍ബേനിയയില്‍ത്തന്നെ ജീവിതം നയിച്ചുകൊണ്ട് ആദ്യമായി കവിതാരചന നടത്തിയതു ഗ്യെര്‍ഗി ഫീഷ്ത (Giergi Fishta, 1856-1941) ആണ്. കാവ്യരചനയ്ക്കു പുറമേ ഇദ്ദേഹം 'സ്റ്റാര്‍ ഒഫ് ലൈറ്റ്' സാഹിത്യപ്രസ്ഥാനത്തിന്റെ ചുമതലയും ഏറ്റെടുത്തിരുന്നു. അല്‍ബേനിയന്‍ സാഹിത്യത്തിലെ സുപ്രസിദ്ധകൃതിയായ ഹൈലാന്റ് സ്ട്രിങ്സ് ആണ് ഇദ്ദേഹത്തിന്റെ മുഖ്യകൃതി. സ്വാതന്ത്ര്യ‌സമരത്തിന്റെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട ഇതില്‍ നാടോടിസാഹിത്യത്തിന്റെ സ്വാധീനം പ്രകടമാണ്. ഇറ്റലിയുടെ അല്‍ബേനിയന്‍ ആക്രമണത്തെ നഖശിഖാന്തം എതിര്‍ത്ത ഫിഷ്ത മരണം വരെ ഫാസിസത്തിനെതിരെ ശബ്ദമുയര്‍ത്തി. ഇദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനും സാഹിത്യകാരനുമായിരുന്ന വിന്‍സെന്‍ പ്രെനുഷി (Vincene Prenushi) രചിച്ച നാടോടി കവിതകള്‍ പോപ്പുലര്‍ സോങ്സ് എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 20-ാം ശ.-ത്തിലെ പ്രമുഖ റിയലിസ്റ്റ് കവിയായ കയൂപി (cajupi) അല്‍ബേനിയയുടെ പുനരേകീകരണത്തിനും മതസൗഹാര്‍ദത്തിനുംവേണ്ടി തൂലിക ചലിപ്പിച്ചു. ദാദ് തൊമൊറി എന്ന കവിതാസമാഹാരവും ഫോര്‍ട്ടീന്‍ ഇയര്‍ ഓള്‍ഡ് ഫിയന്‍സി എന്ന കോമഡിയും ഇദ്ദേഹത്തിന്റെ മികച്ച കൃതികളാണ്.

നാടകരചയിതാക്കളില്‍ പ്രമുഖനായിരുന്ന മിഹല്‍ ഗ്രമെനോ (Mihal Grameno) രചിച്ച ദ് ഡത്ത് ഒഫ് പൈറസ് ദേശസ്നേഹം തുളുമ്പി നില്ക്കുന്ന ഒരു ദുരന്തനാടകമാണ്. മറ്റൊരു പ്രമുഖ നാടകകൃത്തായ ക്രിസ്തോ ഫ്ളോഗി (Kristo Flogi) രചിച്ച ഫെയ്ത്ത് ആന്‍ഡ് പേട്രിയട്ടിസം (1912) മിശ്രവിവാഹത്തെ സംബന്ധിക്കുന്ന പ്രശ്നങ്ങള്‍ ചിത്രീകരിക്കുന്നു. ഇദ്ദേഹം സമാഹരിച്ച അല്‍ബേനിയന്‍ അന്തോളജി (1923) സ്കൂളുകളിലെ പാഠപുസ്തകമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്.

ഗദ്യസാഹിത്യകാരന്മാരായ പൊസ്തോളി (Postoli), സ്തെര്‍മിലി (Stermili), മിഗ്യെജനി (Migjeni) മുതലായവര്‍ 20-ാം ശ.-ത്തിന്റെ ആദ്യഘട്ടത്തില്‍ പ്രസിദ്ധിയാര്‍ജിച്ചവരാണ്. ഫെയ്ക് കൊനിത്സ (Faik Koniza, 1875-1942) അല്‍ബേനിയയ്ക്കു പുറത്തും പ്രസിദ്ധനായ സാഹിത്യനിരൂപകനും ഉപന്യാസകാരനുമാണ്. അല്‍ബേനിയ എന്ന സാഹിത്യപ്രസിദ്ധീകരണത്തിന്റെയും സണ്‍ എന്ന വാര്‍ത്താപത്രികയുടെയും എഡിറ്ററായി ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. അമേരിക്കയിലെ അല്‍ബേനിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചിന്റെ ബിഷപ്പായ നോളിയാണ് ദേശാന്തരീയ പ്രശസ്തി നേടിയ മറ്റൊരു സാഹിത്യകാരന്‍. അമേരിക്കയിലെ ഹാര്‍വാഡ് സര്‍വകലാശാലയില്‍ നിന്നു ബിരുദമെടുത്ത നോളി 1908-ല്‍ അമേരിക്കയിലെ അല്‍ബേനിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചിനു അടിത്തറ പാകി. അതിനുശേഷം അല്ബേനിയയിലെത്തി കുറച്ചുകാലം പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു. ദ് സ്റ്റോറി ഒഫ് സ്കന്ദര്‍ബര്‍ഗ് (1921) എന്ന ആത്മകഥയും ഇസ്രയലൈറ്റ് ആന്‍ഡ് ദ് ഫിലിസ്റ്റൈന്‍ (1907) എന്ന നാടകവും ദ് ബൈസാന്തിയന്‍ സിംഫണിയുമാണ് ഇദ്ദേഹത്തിന്റെ മുഖ്യകൃതികള്‍. ഷെയ്ക്സ്പിയറുടെയും ഇബ്സന്റെയും മറ്റും കൃതികള്‍ സ്വന്തം ഭാഷയിലേക്കു പരിഭാഷപ്പെടുത്തിയ നോളി അല്‍ബേനിയന്‍ ഭാഷയുടെ പരിപോഷണത്തിനു മികച്ച സംഭാവനയാണു നല്കിയത്.

രണ്ടാംലോകയുദ്ധകാലത്തും ദേശീയസ്വാതന്ത്ര്യപക്ഷപാതികളായ കവികള്‍ക്കു മുന്‍തൂക്കം ലഭിച്ചു. മുസരാജിന്റെ ദി എപിക് ഒഫ് ബല്ലികൊമ്പെ താര്‍ (1944) എന്ന ആഖ്യാനകാവ്യം വളരെയേറെ പ്രചാരം നേടി. സ്വാതന്ത്ര്യലബ്ധിക്കുശേഷം അല്‍ബേനിയന്‍ ജനത നടത്തിയ ഫാസിസ്റ്റ് വിരുദ്ധസമരത്തിന്റെ പശ്ചാത്തലത്തില്‍ രൂപംകൊണ്ട കൃതികളും പ്രത്യേകം ശ്രദ്ധേയമാണ്. ഗ്യാത (Gjata) രചിച്ച 'സോങ് ഒഫ് ദ് പാര്‍ട്ടിസാന്‍ ബെങ്കോ' (1950) എന്ന കവിതയും ഷുതെറിഗി (Shuterigi) രചിച്ച ദ് ലിബറേറ്റേഴ്സ് (1952), എന്ന നോവലും മാര്‍ ക്കൊയുടെ ലാസ്റ്റ് സിറ്റി (1960) എന്ന നോവലും ഇക്കൂട്ടത്തില്‍ ഉള്‍ പ്പെടുന്നു. ഇതേ കാലഘട്ടത്തില്‍ സാമൂഹികപുനരുദ്ധാരണത്തെ മുന്‍നിര്‍ത്തിയുള്ള കൃതികളും രചിക്കപ്പെട്ടു. കദരെ (Kadare)യുടെ മൈ ലൈഫ് ടൈം (1961) എന്ന കവിതാസമാഹാരവും സ്പാസെ (Spasse)യുടെ ദേ വേര്‍ നോട്ട് എലോണ്‍ (1952) എന്ന നോവലും ജെതയുടെ സ്വാമ്പ് ഓണ്‍ ലേക് ഷോര്‍ എന്നീ കൃതികളും ഇത്തരത്തിലുള്ളവയാണ്. സാംസ് ഒഫ് എ മങ്ക് (1930), ഫേസിങ് ദ് സണ്‍ (1904), ഡ്റീംസ് ആന്‍ഡ് റ്റിയേര്‍സ് (1912) എന്നീ കൃതികള്‍ രചിച്ച അലക്സാണ്ടര്‍ ദ്രനോവ (Alexander Drenova) ആധുനിക അല്‍ബേനിയന്‍ സാഹിത്യകാരന്മാരില്‍ പ്രധാനിയാണ്. നര്‍മരസം നിറഞ്ഞ കവിതകള്‍ രചിക്കുന്ന അലി അസ്ലാനിയും (Ali Aslani) കവി, അധ്യാപകന്‍, പത്രപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തനായ സ്കെന്ദര്‍ ബര്‍ദിയും (Skender Bardhi) ആധുനികരില്‍ പ്രമുഖരാണ്. രണ്ടാംലോകയുദ്ധത്തെ സംബന്ധിക്കുന്ന ബര്‍ദിയുടെ കവിതകള്‍ അല്‍ബേനിയയുടെ സ്വാതന്ത്ര്യത്വര പ്രതിധ്വനിപ്പിക്കുന്നു. ഗിരിവര്‍ഗഭാഷാഗാനങ്ങള്‍ രചിക്കുന്ന ആന്റണ്‍ സക്കോയും (Anton Zako) എഡ്യൂക്കേഷന്‍ എന്ന സാഹിത്യപ്രസിദ്ധീകരണത്തിന്റെ പത്രാധിപരായ മിദത് ഫ്രാഷേറിയും (Midhat Frashari) ഷില്ലറുടെ കൃതികള്‍ അല്‍ബേനിയന്‍ ഭാഷയിലേക്കു തര്‍ജുമ ചെയ്ത ലുമോസ് കെന്ദോയും (Lumos Kendo) ആധുനികരില്‍ ശ്രദ്ധേയരാണ്.

ലൂയി ഗുരകുക്കി (Louis Gurukuqi), രാമിസ് ഹര്‍ഖി (Ramiz Harxhi) എന്നീ കവികളും ഉപന്യാസകാരനായ ബ്രാങ്കൊ മെര്‍ഖാനിയും (Branko Merxhani) ചെറുകഥാകൃത്തായ മില്‍ ട്ടൊസോതില്‍ ഗുറയും ആധുനിക അല്‍ബേനിയന്‍ സാഹിത്യത്തിനു ശ്രദ്ധേയമായ സംഭാവനകള്‍ നല്കിക്കൊണ്ടിരിക്കുന്നു. വൂണ്‍ഡ്സ് ഒഫ് അന്‍ എക്സൈല്‍ എന്ന ചെറുകഥാസമാഹാരം പ്രസിദ്ധീകരിച്ച മില്‍ ട്ടോയുടെ രചനയില്‍ മോപ്പസാങ്ങിന്റെയും ഒ. ഹെന്‍റിയുടെയും സ്വാധീനം പ്രകടമാണ്. പൊസ്തോളി രചിച്ച ദ് ഫ്ലവര്‍ ഒഫ് റെമനിസന്‍സ് (1924), ഇന്‍ ഡിഫന്‍സ് ഒഫ് ഫാദര്‍ലാന്‍ഡ് (1921) എന്നീ നോവലുകള്‍ അല്‍ബേനിയയില്‍ വളരെയേറെ പ്രചാരം നേടുകയുണ്ടായി. 'ഭാവിയുടെ കവി' എന്ന പേരില്‍ പ്രസിദ്ധനായ ലാസ്ഗുഷ് പൊറദെക്കി (Lasgush Poradici)യുടെ കവിതകള്‍ക്കു മണ്ണിന്റെ മണമില്ലെന്ന് ഒരു വിഭാഗം നിരൂപകര്‍ അഭിപ്രായപ്പെടുന്നു. ഗദ്യരചനകളും ആത്മകഥാപരമായ നോവലുകളും അല്‍ബേനിയയുടെ ചരിത്രവുമായി ബന്ധപ്പെട്ട കൃതികളുമാണു സമകാലീന അല്‍ബേനിയന്‍ സാഹിത്യത്തില്‍ മുഖ്യമായി കാണുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍